ആശാ വർക്കർമാർ
🩺 ആശാ വർക്കർമാർ
ആശ (ASHA – Accredited Social Health Activist) വർക്കർമാർ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (National Health Mission - NHM) ഭാഗമായി പ്രവർത്തിക്കുന്ന സമൂഹധിഷ്ഠിത വനിതാ ആരോഗ്യ പ്രവർത്തകരാണ്. ജനങ്ങളെയും പൊതുജനാരോഗ്യ സംവിധാനത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ഇവർ, പ്രത്യേകിച്ച് സ്ത്രീകൾ, കുട്ടികൾ, ഗർഭിണികൾ, പ്രസവാനന്തര മാതാക്കൾ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ആരോഗ്യ സേവനങ്ങൾ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
🎯 പ്രധാന ലക്ഷ്യം
ഗ്രാമ-വാർഡ് തലങ്ങളിൽ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുo ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുകയുo ചെയ്യുക എന്നതാണ് ആശാ വർക്കർമാരുടെ പ്രധാന ലക്ഷ്യം. ആരോഗ്യ ബോധവൽക്കരണം, പ്രാഥമിക പരിചരണം, സമയബന്ധിത റഫറൽ, മാതൃ-ശിശു ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, വിവിധ സർക്കാർ ആരോഗ്യ പദ്ധതികളുടെ പ്രാദേശിക തലത്തിലുള്ള ഏകോപനം എന്നിവയിലൂടെ സമൂഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് ഇവർ പ്രവർത്തിക്കുന്നു.
✔️ പ്രധാന ചുമതലകൾ
- ഗർഭിണികൾക്കും പ്രസവാനന്തര മാതാക്കൾക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനും പ്രസവസജ്ജീകരണം, സുരക്ഷിത പ്രസവം, മുലയൂട്ടൽ, ശിശുപരിചരണം എന്നിവ സംബന്ധിച്ച് മാർഗനിർദേശം നൽകുന്നതിനും സഹായിക്കുക.
- കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് പ്രോത്സാഹിപ്പിക്കുകയും കുത്തിവെപ്പ് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് പിന്തുണ നൽകുകയും ചെയ്യുക.
- പോഷകാഹാരം, ശുചിത്വം, ആരോഗ്യകരമായ ജീവിതശൈലി, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച് ആരോഗ്യ ബോധവൽക്കരണം നടത്തുക.
- കുടുംബാസൂത്രണ സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുകയും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്യുക.
- അംഗൻവാടി, ഉപകേന്ദ്രo, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ ആരോഗ്യ സേവനങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിന് സഹായിക്കുക.
- ചെറിയ രോഗങ്ങൾക്കും അടിയന്തര സാഹചര്യങ്ങൾക്കും ആവശ്യമായ അടിസ്ഥാന പ്രാഥമിക പരിചരണം നൽകുകയും ചികിത്സ ആവശ്യമായവരെ അനുയോജ്യമായ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യുകയും ചെയ്യുക.
- പകർച്ചവ്യാധികൾ, അസാധാരണമായ രോഗപ്രസരണം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുക.
- ജനന-മരണ വിവരങ്ങൾ ശേഖരിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ആവശ്യമായ സഹകരണം നൽകുക.
- ആരോഗ്യ സർവേകൾ, സർക്കാർ ആരോഗ്യ പദ്ധതികൾ, പ്രാദേശിക ആരോഗ്യ പ്രവർത്തനങ്ങൾ എന്നിവയുടെ നടപ്പാക്കലിൽ സഹകരിക്കുക.
- വില്ലേജ് ഹെൽത്ത് ആൻഡ് സാനിറ്റേഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള പ്രാദേശിക ആരോഗ്യ സംവിധാനങ്ങളുമായി സഹകരിച്ച് ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.