പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം
കുടിയേറ്റങ്ങളുടെയും വിദേശാധിപത്യത്തിന്‍റെയും കഥകളാണ് മിക്കപ്രദേശങ്ങള്‍ക്കും പറയാനുള്ളത്. ഈ പ്രദേശം മുമ്പ് പൂഞ്ഞാർ രാജാക്കന്മാരുടെ അധീനതയിലായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ദ്രാവിഡരാജാവായ തിരുമല നായ്ക്കരുടെ ഭരണത്തിന്‍ കീഴിലായിരുന്ന മധുരപട്ടണവും ആക്രമണത്തിന് വിധേയമായി. പടയെടുപ്പ് ഭയന്ന ആ പ്രദേശങ്ങളിലെ ജനങ്ങൾ, കാന്തല്ലൂർ, കീഴാന്തൂർ, കാരയൂർ, മറയൂർ, കൊട്ടക്കുടി എന്നിങ്ങനെ അഞ്ചു ഊരുകള്‍ സ്ഥാപിച്ച് സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ പ്രദേശം അഞ്ചുനാട് എന്നറിയപ്പെട്ടു. തമിഴ് മലയാള സങ്കര സംസ്കാരമാണ് ഇവിടെ നിലനിന്നുവരുന്നത്. ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്ത് മധുരയിൽ നിന്നും മറയൂർ ഭാഗത്തേക്ക് കുടിയേറ്റമുണ്ടായി. ഇങ്ങനെ കുടിയേറിയവര്‍ ഒരു വിഭാഗമായി മാറി ഒരുമിച്ച് താമസിക്കുകയും പരസ്പരം വിവാഹബന്ധങ്ങളില്‍ ഏർപ്പെടുകയും ചെയ്തു. മുതുകില്‍ ഭാരമേന്തി വന്നതുകൊണ്ട് ഇവരെ മുതുവാൻമാർ എന്നു വിളിച്ചുവെന്നും പറയപ്പെടുന്നു. ഇവരെകൂടാതെ ആചാരാനുഷ്ഠാനങ്ങളിൽ തനിമ പുലർത്തുന്ന നിരവധി ആദിവാസി ഗോത്രങ്ങൾ ഈ പഞ്ചായത്ത് ഉൾപ്പെടുന്ന ബ്ലോക്കിലുണ്ട്. മന്ത്രിമാരും, മന്നാടിയാരും, ഊരുതെണ്ടക്കാരും, മണിയകരും, മറ്റുമുളള പ്രാചീനമായ ഭരണസംവിധാനത്തിന്റെ തുടർച്ച ഇന്നും ചില ആദിവാസി വിഭാഗങ്ങൾക്കിടയിൽനിലനിൽക്കുന്നു. പ്രാചീനമായ ഒരു പഞ്ചായത്ത് സംവിധാനവും ഇന്നത്തെ ഗ്രാമസഭകളുടെ പഴയരൂപമായ നാട്ടുകൂട്ടങ്ങളും ഇവരുടെ ഇടയില്‍ നിലവിലുണ്ടായിരുന്നു. സ്വന്തം ഊരില്‍ നിന്നും പുറത്തുപോയി വിവാഹം കഴിച്ചാൽ ഊരുവിലക്കേർപ്പെടുത്തുന്ന ആദിവാസി വിഭാഗങ്ങളും ഇവരുടെ ഇടയിലുണ്ട്. തികച്ചും കാർഷികാധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് മാങ്കുളം ഗ്രാമപഞ്ചായത്തിന്റേത്. തേയില, ഏലം, കാപ്പി, റബ്ബര്‍ എന്നിവയാണു മുഖ്യതോട്ടവിളകള്‍. ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഈ തോട്ടവിളകളാണ് കയ്യടക്കി വച്ചിരിക്കുന്നത്. ലക്ഷ്മി ടീ എസ്റ്റേറ്റ് ആണ് പ്രധാന തേയില തോട്ടം.തമിഴ്-നാട്ടിൽ നിന്നും കുടിയേറിയവരാണ് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും. മൂന്നാര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളം പ്രദേശത്ത് റബ്ബര്‍ കൃഷി 250 തോളം ഹെക്ടർ സ്ഥലത്ത് ചെയ്തു വരുന്നു. മാങ്കുളം പഞ്ചായത്തിന്റെ വിവിധ വാർഡുകളിലൂടെ കടന്നു പോകുന്ന പഴയ ആലുവാ മൂന്നാര്‍ റോഡിന്റെ ബാക്കിപത്രങ്ങൾ ഇപ്പോഴും ഇവിടെ കാണാം. അമ്പതാംമൈൽ പ്രദേശത്ത് കാണുന്ന പഴയ മൈൽ കുറ്റികൾ, ബ്രിട്ടീഷ് ആധിപത്യത്തിന്റെ ആഡ്യത്യം വിളിച്ചോതുന്ന രീതിയിലുള്ള ബംഗ്ലാവിന്റെ അവശിഷ്ടങ്ങൾ എന്നിവ ഇവിടെ കാണാം. മുനിവര്യന്മാർ തപസ്സു് ചെയ്തിരുന്ന മുനിയറകളും, നന്നങ്ങാടികളെ അടക്കം ചെയ്തിരുന്ന വലിയ മൺകുടങ്ങളുടെ അവശിഷ്ടങ്ങളേയും ഈ ദേശത്ത് കാണാം.